Sunday, 22 November 2015

'സത'

അക്കാലത്തു  കേരളം ഭരിച്ചിരുന്ന അച്ചുതമേനോൻ മന്ത്രിയുടെ തീരുമാന പ്രകാരം  വനം വകുപ്പിന്റെ  ചുമതലയേറ്റ അടിയോടി മന്ത്രി  കുടിയേറ്റ പ്രദേശത്തെ  വന്മരങ്ങളെ  മുദ്രയടിച്ചു സര്ക്കാരിലേക്ക് ചേര്ക്കുന്ന പണിയാരഭിച്ചു.   കല്ലാര്കൂട്ടി പുഴയുടെ ഓളപ്പരപ്പിലൂടെ  കൊച്ചുവള്ളത്തിൽ  ആലിക്കാക്കായുടെ  തുരുത്തിലും വനപാലകരെത്തി.   

ഒരു പ്രദേശം മൊത്തം നിരഞ്ഞു നിന്നിരുന്ന കാട്ടു തമ്പകത്തിന്റെ തോല്  കുറച്ചു വെട്ടിമാറ്റി കനത്ത മുദ്ര എടുത്തു അടിച്ചു അവർ മടങ്ങി. 
രണ്ടു പെണ്‍കുട്ടികളുടെ മംഗല്യ ഭാഗ്യം നിശ്ചയിച്ച ഒരു  മരമാണെന്ന യാതൊരു മനസലിവും  ഇല്ലാതെ  അവർ  ചാര്ത്തിയ മുറിവ് ആ മരത്തിന്റെ പൊട്ടിയ കണ്ണുപോലെ കാണപ്പെട്ടു...കണ്ണീരിൽ കുതിർന്ന  രണ്ടക്ഷരമുദ്ര  ആ കണ്ണിൽ  തെളിഞ്ഞുനിന്നു  'സത'.

ആലിക്കാക്കയുടെ വീടർക്കും കുഞ്ഞി ജമീലായ്ക്കും  ഈ മുദ്രയുടെ  അർത്ഥമോ  അത് കൊണ്ടുവരാനിരിക്കുന്ന ദുർവിധിയോ  മനസിലായില്ല. പതിവുപോലെ തന്നെ ആട്ടിൻ കുഞ്ഞിനോടൊത്ത് ഓടിച്ചാടിക്കളിച്ചു നടക്കുന്നു ജമീല.

വൈകുന്നേരം ചങ്ങാടവും ഊന്നി  ആലിക്കാക്ക  വീട്ടിലേക്കു വരുന്നു.  തമ്പക  മരത്തിലെ  മുദ്ര  കാണുന്നതും  അയാൾ  കുഴഞ്ഞുവീഴുകയാണു. കയ്യിലെ  പൊതിയിൽ  അന്നെക്കുള്ള അറിയും പല വ്യഞ്ജനവും  എല്ലാം മണ്ണിൽ  വീണു ചിതറി.   ആലിക്കാക്കാ പിന്നെ ഉരിയാടിയിട്ടില്ല.   ആ ഒറ്റപെട്ട തുരുത്തിൽ നിന്നും  അലമുറ ഉയര്ന്നു   വിജനതയിൽ അതെല്ലാം ഇല്ലാതെയായി,  പുറം ലോകവുമായ്  ആ തുരുത്തിനെ ബന്ധിച്ചിരുന്ന  പാലം  ആലിക്കക്കയായിരുന്നു  ..അയാള്  മയ്യത്തായി കിടക്കുന്നു.

ആലിക്കാക്കായുടെ വീടർ  പാത്തുമ്മ  എന്നാണവരുടെ പേര്, മകൾ  ജമീലയും  മയ്യത്തിനു മുന്നില് കരഞ്ഞു തളർന്നു.  ഒരു രാത്രിയും പിറ്റെന്നു പകലും  എന്താണു ചെയ്യേണ്ടതെന്നറിയാതെ  സഹായത്തിനു ആരുമില്ലാതെ.   പുഴകടന്നു പോകാൻ അറിയില്ല   ജലപാനം പോലും ഇല്ലാതെ  ജീവശ്ചവമായി അബോധാവസ്ഥയിൽ അവരും ആ മണ്ണിൽ  വീണുകിടന്നു.

തുരുത്തിനും രണ്ടുകിലോമീറ്റർ   ഒരു കടവുണ്ട്.  പുഴയ്ക്കു കുറുകെ പാലം ഇല്ലാതിരുന്ന അക്കാലത്ത്  അവിടെ  ഒരു കടത്തുകാരനും തോണിയും  സ്ഥിരമായ്‌ ഉള്ളതാണ്.  ലോവര് പെരിയാർ നിന്നും കോതമംഗലത്തിനു  പോകുന്ന ബസ്സ്‌  വൈകിട്ട് 5 മണിക്കു വരുമ്പോൾ  കടവ് കടന്നു അക്കരെക്കു പോകാൻ കുറെ ആളുകള്  ഉണ്ടാവും.   അതുകഴിഞ്ഞാൽ ആ കടവ് വിജനമാകും കടത്തുകാരൻ  അയാളുടെ വീട്ടില് പോകും.

ബസ്സിൽ വന്ന ആളുകളെ കടവ് കടത്തി  വള്ളം  കെട്ടിയിട്ട്  പോകാൻ ഒരുങ്ങുമ്പോൾ  അകലെ  വെള്ളത്തിൽ എന്തോ ഒഴുകി നടക്കുന്നതുപോലെ  വള്ളക്കാരന് തോന്നി,   ഇരുളുവീണു തുടങ്ങിയിരുന്നു  എന്താനെന്നരിയുന്നില്ല.  വേഗത്തിൽ വീട്ടിലെത്താനായ്  നടന്നു തുടങ്ങിയതാണ്  ഒരു ഉൾവിളി  എന്താണെന്നറിയാൻ ഒരു ആകാംഷ.  വള്ളം വീണ്ടും  വെള്ളത്തിലേക്ക് ആഞ്ഞുതള്ളി അയാള്   ഒഴുകി നടക്കുന്ന ആ വസ്തുവിനെ ലക്ഷ്യമാക്കി വേഗം തുഴഞ്ഞു.  

ആലിക്കാക്കായുടെ ചങ്ങാടമായിരുന്നു ഒഴുകി നടന്നത്   അതിൽ മൂന്നു മനുഷ്യശരീരങ്ങളും.

(തുടരും )

Monday, 16 November 2015

ജമീല

 ല്ലാർകൂട്ടി പുഴയ്ക്കു  കുറുകെ  അണക്കെട്ട്  വന്നപ്പോൾ  ഇരുകരയിലും  മനുഷ്യവാസം  ഉണ്ടായിരുന്ന  അനേകം ഏക്കർ  സ്ഥലം  വെള്ളത്തിനടിയിലായി. കെട്ടും കിടക്കയുമായി  എല്ലാവരും വീടും കുടിയും വിട്ടു പലായനം ചെയ്തപ്പോൾ  ഞൊണ്ടുകാലൻ  ആലിക്കാക്ക  മാത്രം  എങ്ങോട്ടും പോയില്ല.  കൈവശം ഉണ്ടായിരുന്ന ഭൂമിയുടെ  നാല് ചുറ്റിനും വെള്ളം ഉയര്ന്നു വന്നപ്പോഴും പ്രതീക്ഷയുടെ ഒരു തരി ആലിക്കാക്കയുടെ മനസ്സില് ജ്വലിച്ചുനിന്നു.
ഭാര്യയേയും പറക്ക മുറ്റാത്ത 3 പെണ്‍കുഞ്ഞുങ്ങളെയും  ചേര്ത്ത് പിടിച്ചു  പനയോല മേഞ്ഞ കുടിലിന്റെ  കിളിവാതിലിലൂടെ  സദാസമയവും  അയാള് ഉയരുന്ന വെള്ളത്തെ നിരീക്ഷിച്ചുകൊണ്ടിരുന്നു .  അവസാനം  അണകെട്ട്  നിറഞ്ഞു  അലിവോടെ  ജലം  ആലിക്കാക്കായ്ക്കും  കുടുമ്പത്തിനുമായ്  ഒരു പതിനഞ്ചു സെന്റ്‌ സ്ഥലത്തിന്റെ  തുരുത്ത് ബാക്കിവച്ചു.    അതിൽ  ആലിക്കയുടെ   കുടിലും   ഒരു ഭീമൻ കാട്ടു തമ്പകമരവും  മാത്രം ബാക്കിയായി. 

നാലാളു കൂടി പിടിച്ചാലും വട്ടമെത്താത്ത    വമ്പൻ  കാട്ടു തമ്പകം   ആ പതിനഞ്ചു   സെന്റു  ഭൂമിയിൽ  മുഴുവൻ നിഴലുവീഴ്ത്തി പടര്ന്നു പന്തലിച്ചങ്ങനെ നിൽക്കുന്നു.  നട്ടപ്പകലും  ഇരുളുമൂടിക്കിടന്നു  ആ കുടിലിലും  പരിസരത്തും.  അതിനാൽതന്നെ   ആരാലും ശ്രദ്ധിക്കപ്പെടാതെ  ആ ഒരു കുടുംബം  വെള്ളക്കെട്ടിന് നടുവിൽ അവശേഷിച്ചു.

ഇനി എന്ത് ചെയ്യും  എന്ന ചോദ്യവുമായി  വീടരു  ആലിക്കാക്കയെ പകച്ചു നോക്കി.

ഇജ്ജ്  കണ്ടോളി    എന്നും പറഞ്ഞു  ആളിക്കാ   വെള്ളത്തിലേക്ക്   ഇറങ്ങി നീന്താൻ തുടങ്ങി ....
പേടിച്ചരണ്ട കുഞ്ഞുങ്ങളെയും ചേര്ത്ത് പിടിച്ചു  വീരരു   അകലെക്കകലേക്കു   പതച്ചു പോകുന്ന  ആളിക്കാക്കനേം  ഇമ വെട്ടാതെ നോക്കിയിരുന്നു ...

വൈകുന്നേരമാണു  ആലിക്കാക്ക  തിരിച്ചെത്തിയത് ... വെള്ളത്തിൽ  നീന്തിയല്ല  ഉശിരൻ  ഒരു ചങ്ങാടവും തുഴഞ്ഞ് കഷ്ടപ്പെട്ട്  വരുന്നു.   ഇല്ലിയും ഈറ്റയും ചേര്ത്ത് കെട്ടിയ ഒരു ചങ്ങാടം.
കൂടാതെ  കുറെ അരിയും കറിക്ക് വേണ്ടുന്ന വകയും.

ചങ്ങാടത്തിൽ നിന്നിറങ്ങുന്നത്  വീടിന്റെ മുറ്റത്തോട്ട്....
വീടരു  ഭയഭക്തി ബഹുമാനത്തോടെ  ആലിക്കാക്കയെ നോക്കി
ങ്ങള്  മലബെള്ളത്തെം  തോല്പിചല്ലാ......!!!
  
ആലിക്കാക്ക  തികഞ്ഞ ഒരു മല്ലനായിരുന്നു, നല്ല ഒത്ത ശരീരവും  ആരോഗ്യവും  സൗന്ദര്യവും  ഒത്തിണങ്ങിയ  പുരുഷൻ.  പെരുമ്പാവൂറരുള്ള  മരക്കച്ചവടക്കാരൻ ജന്മി  അഹമ്മദ് ഹാജിയുടെ  ഈർച്ച മില്ലിലെ  തൊഴിലാളി.  ഒരിക്കൽ ഈര്ച്ചക്ക്  കയറിയ വലിയ ഒരു തടി മറിഞ്ഞു കാലിൽ വീണു കുതിഞരമ്പ് മുറിഞ്ഞു. കുറെ നാളത്തെ ചികിത്സ, ആകെ ഉണ്ടായിരുന്ന കിടപ്പാടം വരെ വിറ്റ്‌ ആലിക്കാക്ക  വികലാംഗനായി ആശുപത്രി വിട്ടു.


നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയില്നിന്നും  ഒരു  ഒളിച്ചോട്ടമായിരുന്നു. അങ്ങിനെയാണ്  കിഴക്കൻ മലയിലേക്കു കുടിയേറിയത്.  കല്ലാർകൂട്ടി പുഴയുടെ  തീരത്ത്  വന്നു കുറെ സ്ഥലം വെട്ടിപ്പിടിച്ചു കുടിലുകെട്ടി താമസം തുടങ്ങിയത് 1955 കാലത്താണ്.

അഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ  വീടരു 3 പെറ്റു മൂന്നും പെണ്‍കുട്ടികൾ.   പുഴയ്ക്ക് കുറുകെ  അണക്കെട്ട് പണിതീർന്നതു  1961 ലാണു.

വെള്ളം പൊങ്ങുമ്പോൾ പതിനഞ്ച്സെന്റും  വെള്ളം താഴുമ്പോൾ  മൂന്നു ഏക്കര് വരെ ഭൂമിയും  ഭൂമിയുടെ നടുക്കുള്ള  പടര്ന്നു പന്തലിച്ച  കാട്ടുതമ്പകവും   അതിനു ചുവടെ യുള്ള  പനയോലക്കുടിലും  കുടിലിൽ സുന്ദരിയായ വീടരും  ഒന്നും ഒന്നരയും വര്ഷത്തിന്റെ  പ്രായ വ്യത്യാസത്തിൽ  മൂന്നു സുന്ദരി പെണ്‍കുട്ടികളും  ഇപ്പോൾ ഒരു ചങ്ങാടവും  പിന്നെ  തമ്പകത്തോളം ഉയരത്തിൽ  ആത്മ വിശ്വാസവും   ...ഇത്രയുമായിരുന്നു  ആലിക്കാക്കായുടെ സ്വത്തുക്കൾ.

നേരം പുലരുമ്പോൾ ആളിക്കാ ചങ്ങാടവുമായി അക്കരയ്ക്ക് പോകും.  വൈകുമ്പോൾ തിരികെയെത്തും.  ഇഷ്ടാനുസരണം ആഹാര സാധനങ്ങളുമായാണു തിരികെ വരുന്നത് .
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ  അയാള് അക്കരെ പോയി എന്തെക്കെയാണു ചെയ്തിരുന്നതെന്ന്  തുരുത്തിൽ ജീവിക്കുന്ന  വീടരോ മൂന്നു പെണ്‍കുഞ്ഞുങ്ങളോ അറിഞ്ഞിരുന്നില്ല. അവർ ആ തുരുത്തുവിട്ട്  എവിടെയും പോയിട്ടുമില്ല.

വർഷങ്ങൾ കട ന്നു പോയപ്പോൾ  ആലിക്കാക്കായുടെ  പെണ്‍കുട്ടികൾ  വളർന്നു വലുതായി. ആലിക്കാക്കായുടെ ആരോഗ്യവും ക്ഷയിച്ചുതുടങ്ങി  - അതി സുന്ദരികളായ തന്റെ മക്കളെ  പൊന്നും പണവും ഇങ്ങോട്ട് തന്നു കൊണ്ടുപോകാൻ  പുയ്യ്യാപ്ലമാരു  മത്സരിച്ചെത്തുമെന്ന്  അറിയാമായിരുന്നെങ്കിലും  തന്റേതായ കടമ മറക്കാൻ  ആലിക്കാക്കയുടെ അഭിമാനം അയാളെ അനുവദിച്ചില്ല.   അയാള്  നോക്കിയിട്ട് ഒരു വഴിയെ കണ്ടോളു ... തമ്പകം  വിൽക്കുക. ഇത്രയും വലിയ ഒരു മരം വാങ്ങാൻ ചുറ്റുപാടുമുള്ള  കച്ചവടക്കാർക്കൊന്നും  കഴിവില്ലാ  എന്നറിഞ്ഞപ്പോൾ  ആലിക്കാക്കാ പണ്ടത്തെ തന്റെ മുതലാളി അഹമ്മദ് ഹാജിയെ  പോയ് കണ്ടു സംസാരിക്കാൻ തീരുമാനിച്ചു.

രാവിലെ തന്നെ പുറപ്പെട്ടു.   പെരുമ്പാവൂരിൽ ചെന്ന്  ഹാജിയെ കണ്ടു  കാര്യങ്ങൾ സംസാരിച്ചു.
ആലിക്കാക്ക  പറഞ്ഞ കണക്കിന്പ്രകാരം  അത്രയും വലുതും ലക്ഷനമൊത്തതുമായ ഒരു കാട്ടുമരം അഹമ്മദു ഹാജി തന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല. നല്ല വിലക്ക് കച്ച്ചവടമുറപ്പിച്ചു  പകുതി കാശു അഡ്വാന്സും വാങ്ങി  ആലിക്കാക്ക  വീട്ടില് തിരിച്ചെത്തി. വല്യ കാലതാമസമില്ലാതെ നല്ലൊരു  പുയ്യ്യാപ്ലനെ കണ്ടുപിടിച്ചു മൂത്ത മകളുടെ വിവാഹം  നടത്തിവിട്ടു.

ആ കല്യാണത്തിന്റെ ആഘോക്ഷങ്ങൾ തീരും മുന്നേ  രണ്ടാമത്തെ മകള്ക്ക്  നല്ലോരാലോചന  വന്നുപെട്ടു.  ആലിക്കാക്കാ  വീണ്ടും പെരുമ്പാവൂര് ചെന്ന്  ഹാജിയാരോട്  മരത്തിന്റെ വിലയുടെ ബാക്കിയും വാങ്ങിവന്നു രണ്ടാമത്തെ നിക്കാഹും ഗംഭീരമായി നടത്തിവിട്ടു.

ഇനി മൂന്നാമത്തെ മകൾ  ...ജമീല,  മൂന്നുപേരിലും സുന്ദരി, അതി ബുദ്ധിമതി - അവളെ കെട്ടുന്ന പുയ്യ്യാപ്ലക്ക്  വീടിരിക്കണ സ്ഥലവും  ചങ്ങാടവും കൊടുക്കണം.

ഭാരങ്ങൾ ഓരോന്നായി ഇറക്കികൊണ്ടിരുന്ന  ആലിക്കാക്കയ്ക്ക്  ഒരു കനത്ത അടിയായിരുന്നു  പിറ്റേന്നു വിധി കാത്തുവച്ചിരുന്നത് .

(തുടരും)


പുരുഷോത്തമൻ

പ്രസാദം വദനത്തിങ്കലും
കാരുണ്യം ദർശനത്തിങ്കലും
മാധുര്യം വാക്കിലും ചേർന്നുള്ളവനെ
പുരുഷോത്തമൻ